2011 – ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷം


സ്റ്റീവ് ജോബ്‌സ് രണ്ടാംവട്ടം ആപ്പിളിന്റെ മേധാവിയായപ്പോള്‍ ആദ്യം ചെയ്ത സംഗതികളിലൊന്ന് ഉത്പന്നങ്ങളുടെയും പ്രോജക്ടുകളുടെയും എണ്ണം കുറയ്ക്കുക എന്നതായിരുന്നു. അതിനായി പലതും നിര്‍ദാഷിണ്യം ഉപേക്ഷിച്ചു. എണ്ണം കുറച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിലായി ; അവശേഷിച്ചവയ്ക്ക് കാര്യക്ഷമതയേറി, പുതിയ ഉത്പന്നങ്ങളെത്തി.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും ഇപ്പോള്‍ സമാനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. അതിന്റെ ഫലമായി വെട്ടിനിരത്തലിന്റെ പുതിയ കാലമെത്തി.

ഏതാണ്ട് മൂന്നു ഡസണ്‍ ഉത്പന്നങ്ങളും സര്‍വീസുകളുമാണ് ഉപേക്ഷിക്കാന്‍ ഈ വര്‍ഷം ഗൂഗിള്‍ തീരുമാനിച്ചത്. ഉപേക്ഷിച്ചവയില്‍ ആഡ്ഓണ്‍ ഫീച്ചറുകളുണ്ട്, ഗൂഗിള്‍ ഏറ്റെടുത്ത ചില ഉത്പന്നങ്ങളുണ്ട്, വികസിപ്പിച്ചവയുണ്ട്, എപിഐ-കളുണ്ട്. ഏതായാലും ഗൂഗിളിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു വര്‍ഷമാകുകയാണ് 2011.

വിക്കിപീഡിയയ്ക്ക് പകരക്കാരനായി ഗൂഗിള്‍ അവതരിപ്പിച്ച ‘നോള്‍'(Knol), ഗൂഗിള്‍ ബുക്ക്മാര്‍ക്ക്‌സ് ലിസ്റ്റ്‌സ്, ഗൂഗിള്‍ ഫ്രണ്ട് കണക്ട്, ഗൂഗിള്‍ ഗിയേഴ്‌സ്, ഗൂഗിള്‍ സെര്‍ച്ച് ടൈംലൈന്‍, ഗൂഗിള്‍ വേവ്, റിന്യൂവബിള്‍ എനര്‍ജി ചാപ്ടര്‍ ദാന് കോള്‍, ഗൂഗിള്‍ ഗിയേഴ്‌സ് തുടങ്ങിയവ ഗൂഗിളിന്റെ ശവപ്പറമ്പില്‍ സ്ഥാനം പിടിക്കുകയാണ്.

ഉപേക്ഷിക്കുന്നവയില്‍ ഗൂഗിള്‍ വേവ് (Google Wave) ആണ് ഏറ്റവും ശ്രദ്ധേയം. ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ അലകുംപിടിയും മാറ്റുമെന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ വേവ് വികസിപ്പിക്കുന്നത് 2010 ആഗസ്തില്‍ ഗൂഗിള്‍ നിര്‍ത്തിവെച്ചിരുന്നു. 2012 ജനവരി മുതല്‍ ഗൂഗിള്‍ വേവ് വായിക്കാന്‍ മാത്രമുള്ള ഒന്നായി മാറും. 2012 ഏപ്രിലോടെ ഓഫ്‌ലൈനിലാകും അത്.

ഓഫ്‌ലൈനില്‍ വെബ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനായി 2007 മെയില്‍ അവതരിപ്പിച്ച സര്‍വീസാണ് ഗൂഗിള്‍ ഗിയേഴ്‌സ് (Google Gears). എന്നാല്‍, രണ്ടുവര്‍ഷത്തിനകം വ്യക്തമായി ഇക്കാര്യത്തില്‍ ഭാവിയുടെ സങ്കേതം എച്ച്ടിഎംഎല്‍ 5 ആയിരിക്കുമെന്ന്. അതിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍വീസ് ഉപേക്ഷിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിള്‍ തീരുമാനിക്കുകയായിരുന്നു.

വിക്കിപീഡിയ പോലെ യൂസര്‍മാര്‍ സൃഷ്ടിക്കുന്ന ഉള്ളടക്കം ലക്ഷ്യമിട്ട് 2007 ഡിസംബറില്‍ ഗൂഗിള്‍ തുടങ്ങിയ പദ്ധതിയാണ് നോള്‍. 2011 നവംബര്‍ 22 -ാം തിയതി ഗൂഗിള്‍ നടത്തിയ പ്രഖ്യാപനം അനുസരിച്ച് 2012 ഏപ്രില്‍ 30 ഓടെ ഇത് അവസാനിക്കും. 2012 ഒക്ടോബര്‍ 1 ന് ഇത് ഓണ്‍ലൈനില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും.

ഉത്പന്നങ്ങളുടെ ഒരു നിര ഉപേക്ഷിക്കുന്ന കാര്യം 2011 ജൂണില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ഹെല്‍ത്ത്, ഗൂഗിള്‍ പവര്‍മീറ്റര്‍ തുടങ്ങിയവ അന്നത്തെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതിന് ശേഷം നവംബര്‍ 22 നാണ് കൂടുതല്‍ ഉത്പന്നങ്ങളെ ശവപ്പറമ്പിലേക്ക് അയയ്ക്കുന്ന കാര്യം കമ്പനി പ്രഖ്യാപിച്ചത്.

മികച്ച ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാനാണ് ഇത്തരമൊരു വെട്ടിനിരത്തല്‍ കമ്പനി നടത്തുന്നതെന്ന് ലാറി പേജ് പ്രസ്താവിച്ചിരുന്നു. 2011 ജൂലായില്‍ ഗൂഗിള്‍ ലാബ്‌സി (Google Labs) ന്റെ കടയ്ക്കല്‍ കോടാലി വീണു. താത്പര്യമുളവാക്കുന്ന ഒട്ടേറെ ഭാവി ഉത്പന്നങ്ങളുടെ അന്ത്യമായിരുന്നു അത്. 13 വര്‍ഷം പഴക്കമുള്ള ഗൂഗിള്‍ ഫ്രണ്ട്‌സ് ന്യൂസ്‌ലെറ്ററും ഗൂഗിള്‍ ഡയറക്ടറിയും ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം വന്നതും ജൂലായില്‍ തന്നെ.

ഏതാണ്ട് അതേ സമയത്ത് തന്നെ ഫയര്‍ഫോക്‌സിനായുള്ള ഗൂഗിള്‍ ടൂള്‍ബാര്‍ ഉപേക്ഷിക്കപ്പെട്ടു. കോഡ് സെര്‍ച്ച് (Code Search), ഡയക്രൈറ്റിസ് (Diacritize), ഫീഡ്‌ബേണര്‍ (Feedburner), ഫിനാന്‍സ് (Finance), പവര്‍മീറ്റര്‍ (PowerMeter), സൈഡ്‌വിക്കി (Sidewiki) തുടങ്ങിയവയ്ക്ക് അന്ത്യംകുറിക്കുന്ന തീരുമാനമുണ്ടായത് ജൂണിലാണ്.

2010 ആഗസ്തിലാണ് 228 മില്യണ്‍ ഡോളര്‍ നല്‍കി സോഷ്യല്‍ സോഫ്ട്‌വേര്‍ കമ്പനിയായ സ്ലൈഡി (Slide) നെ ഗൂഗിള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ സ്ലൈഡ് നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു.

സപ്തംബര്‍ ഗൂഗിളിന് മറ്റൊരു ക്രൂര മാസമായി. സോഷ്യല്‍ സെര്‍ച്ച് എന്‍ജിനായ ആര്‍ഡ്‌വാര്‍ക്ക് (Aardvark), ഗൂഗിള്‍ ഡെസ്‌ക്‌ടോപ്പ്, ഫാസ്റ്റ് ഫ് ളിപ്പ്, മാപ്പ്‌സ് എപിഐ ഫോര്‍ ഫ് ളാഷ്, ഗൂഗിള്‍ പാക്ക്, ഗൂഗിള്‍ വെബ് സെക്യൂരിറ്റി എന്നിവ സപ്തംബറിന്റെ നഷ്ടങ്ങളായി.

ഇതില്‍ ഏറ്റവും ശ്രദ്ധേയം യുസര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ഗൂഗിള്‍ ഡെസ്‌ക്‌ടോപ്പ് ഉപേക്ഷിക്കപ്പെട്ടതാണ്. ഡെസ്‌ക്‌ടോപ്പ് സെര്‍ച്ചിനായി ഗൂഗിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ച സോഫ്ട്‌വേറാണത്.

ഒക്ടോബറിലും ഗൂഗിളില്‍ വെട്ടിനിരത്തല്‍ നടന്നു. ഏറെ പ്രതീക്ഷയോടെ മുമ്പ് അവതരിപ്പിച്ച ഗൂഗിള്‍ ബസ് (Google Buzz) നിശബ്ദമാകാന്‍ പോകുന്നുവെന്ന പ്രഖ്യാപനം ഒക്ടോബറിലാണുണ്ടായത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിന് വേണ്ടിയാണ് ബസിന്റെ അന്ത്യംകുറിച്ചത്. ഐഗൂഗിളിന്റെ (iGoogle) സോഷ്യല്‍ ഫീച്ചറുകള്‍ ഉരിഞ്ഞുമാറ്റിയതും അതിനു വേണ്ടി തന്നെ. ജെയ്കു (Jaiku), ഗൂഗിളിന്റെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് പ്രോഗ്രാം തുടങ്ങിയവയും ആ മാസം ഉപേക്ഷിക്കപ്പെട്ടു.

ഇനി എന്തൊക്കയാവാം വെട്ടിനിരത്തലിന്റെ വിധിക്ക് കാത്ത് ഗൂഗിളിന്റെ അന്തപ്പുരത്തിലുള്ളത്….അക്കാര്യം അറിയാനിരിക്കുന്നതേയുള്ളു.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s