ദൈവകണത്തിന്റെ ‘ആദ്യദര്‍ശനം’ ആവേശജനകമെന്ന് ഗവേഷകര്‍


 

ജനീവ : കണികാശാസ്ത്രത്തിലെ പിടികിട്ടാപുള്ളിയായ ഹിഗ്‌സ് ബോസോണ്‍ ‘ആദ്യദര്‍ശനം നല്‍കി’യതായി സൂചന. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണങ്ങളില്‍ നിന്ന്, ‘ദൈവകണ’മെന്ന് വിളിപ്പേരുള്ള ആ കണത്തെപ്പറ്റിയുള്ള ആദ്യസൂചന ലഭിച്ചതായി ഗവേഷകര്‍ അറിയിച്ചത് ആവേശത്തോടെയാണ് ശാസ്ത്രലോകം സ്വീകരിച്ചത്.

കണികാഭൗതികത്തിലെ എക്കാലത്തെയും വലിയ മുന്നേറ്റങ്ങളിലൊന്ന് എന്നാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തം കണക്കാക്കപ്പെടുന്നത്. പക്ഷേ, അത് ഉറപ്പിക്കാന്‍ മാത്രമുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് ജനീവയിലെ യൂറോപ്യന്‍ കണികാപരീക്ഷണശാലയായ ‘സേണി’ല്‍ നടന്ന സെമിനാറില്‍ ഗവേഷകര്‍ അറിയിച്ചു. ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം സ്ഥിരീകരിക്കാന്‍ കുറഞ്ഞത് ഒരുവര്‍ഷം കൂടിയെങ്കിലും വേണ്ടിവരും.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലാണ് ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം നടക്കുന്നത്. കൊളൈഡറിലെ അറ്റ്‌ലസ്, സിഎംഎസ് എന്നീ കണികാഡിറ്റെക്ടറുകളില്‍ വ്യത്യസ്ത രീതിയില്‍ ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യസൂചന ലഭിച്ചെന്നാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന മൗലികഘടകം എന്ന് കരുതപ്പെടുന്നത് ഹിഗ്‌സ് ബോസോണുകളാണ്. ആ കണത്തിന്റെ പേരിന് കാരണക്കാരനായ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പടെ ആറ് ഗവേഷകര്‍ ചേര്‍ന്ന് 1964 ലാണ് ദ്രവ്യത്തിന് പിണ്ഡം പ്രദാനം ചെയ്യുന്ന അടിസ്ഥാന സംവിധാനം വിശദീകരിച്ചത്. ആ വിശദീകരണം ശരിയാണെന്ന് തെളിയണമെങ്കില്‍ ഹിഗ്‌സ് ബോസോണുകളുണ്ടെന്ന് തെളിയണം.

മാത്രമല്ല, പ്രപഞ്ചത്തിന്റെ അടിസ്ഥാനമാതൃക വിശദീകരിക്കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് മോഡലെ’ന്ന സൈദ്ധാന്തിക പാക്കേജിന്റെ നിലനില്‍പ്പിനും ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കേണ്ടത് ആവശ്യമാണ്. ഹിഗ്‌സ് ബോസോണുകളുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുകയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്.

ജനീവയിലെ കണികാപരീക്ഷണത്തിന്റെ വന്‍വിജയം മാത്രമല്ല, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ അടിസ്ഥാന ഭൗതികത്തിലുണ്ടാകുന്ന ഏറ്റവും മൂല്യമേറിയ കണ്ടെത്തലുമായി മാറും ഹിഗ്‌സ് ബോസോണുകളുടെ സ്ഥിരീകരണം.

ഹിഗ്‌സ് ബോസോണുകളുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ അരനൂറ്റാണ്ടായി ശാസ്ത്രലോകത്തിന് കഴിയാത്തതിന് കാരണം, ആ കണത്തിനുണ്ടെന്ന് കരുതുന്ന പിണ്ഡപരിധി പരിശോധിക്കാന്‍ പോന്നത്ര ശക്തമായ കണികാപരീക്ഷണം ഇതുവരെ സാധ്യമായില്ല എന്നതാണ്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ആ പിണ്ഡപരിധി പരിശോധിക്കാന്‍ പോന്നത്ര കരുത്തുള്ള കണികാത്വരകമാണ്.

ഹിഗ്‌സ് ബോണുകളുടെ പിണ്ഡപരിധി 116-130 ഗിഗാഇലക്ട്രോണ്‍ വോള്‍ട്ട്‌സ് (GeV) എന്ന കണക്കുവെച്ചാണ് കണികാപരീക്ഷണം മുന്നേറുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 125 GeV പിണ്ഡമുള്ള കണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നതെന്ന്, അറ്റ്‌ലസ് പരീക്ഷണത്തിന്റെ വക്താവ് ഫാബിയോള ഗിയാനോട്ടി അറിയിച്ചു.

എന്നാല്‍, ആ സൂചനകള്‍ ഹിഗ്‌സ് ബോസോണുകളുടേതാണെന്ന് സ്റ്റാറ്റിസ്റ്റിക്കലായി ഉറപ്പിക്കാന്‍ പോന്നത്ര തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. 2012 ല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് ഫാബിയോള പറഞ്ഞു.

By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s