വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ടെലിവിഷന്‍, ആപ്പിളില്‍ നിന്ന്വിളിച്ചാല്‍ വിളി കേള്‍ക്കുകയും, പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യുന്ന ടെലിവിഷന്റെ കാര്യം ആലോചിച്ചു നോക്കൂ. അത് വയര്‍ലെസ് കൂടിയാണെങ്കിലോ….റിമോര്‍ട്ട് കണ്‍ട്രോളില്‍ ചാനലിന് വേണ്ടി പരതേണ്ട ആവശ്യം വരില്ല, ഏത് ചാനലാണ് വേണ്ടതെന്ന് ടിവിയോട് പറഞ്ഞാല്‍ മതി. കേബിള്‍ കണക്ഷന്റെ പൊല്ലാപ്പുകളുമില്ല.

ആപ്പിളിന്റെ മൂശയില്‍ ഒരുങ്ങുന്ന ഭാവി ടെലിവിഷന്റേതായി പുറത്തുവന്നിട്ടുള്ള സവിശേഷതകളില്‍ ചിലതാണിത്. ഇക്കാര്യത്തില്‍ സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നങ്ങളുമായി ആപ്പിള്‍ മുന്നോട്ടു പോവുകയാണെന്ന് സാരം.

ഭാവി ടെലിവിഷനെ സംബന്ധിച്ച തങ്ങളുടെ സങ്കല്‍പ്പം സമീപ ആഴ്ചകളില്‍ ആപ്പിള്‍ ഉന്നതര്‍, ഒട്ടേറെ വമ്പന്‍ കമ്പനികളിലെ മീഡിയ എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ചചെയ്തതായി ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

വിവിധ ഷോകളും സിനിമകളുമൊക്കെ ടെലിവിഷനില്‍ വയര്‍ലെസ് ആയി സ്ട്രീമിങ് നടത്താനുള്ള സങ്കേതം ആപ്പിള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിന്റെ സീനിയര്‍ വൈസ്പ്രസിഡന്റ് എഡ്ഡി ക്യു അടക്കമുള്ളവരാണ്, മീഡിയ എക്‌സിക്യുട്ടീവുകളുമായി പുതിയ ടിവി സങ്കേതങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയത്.

അത്തരം ഒരു മീറ്റങിനിടെയാണ് ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ടിവി പ്രവര്‍ത്തിപ്പിക്കാനുള്ള സങ്കേതവും വികസിപ്പിക്കുന്ന കാര്യം ആപ്പിള്‍ ഉന്നതര്‍ സൂചിപ്പിച്ചത്. യൂസറുടെ ശബ്ദം മാത്രമല്ല, അംഗവിക്ഷപങ്ങളനുസരിച്ചും ടിവിയെ നിയന്ത്രിക്കാവുന്ന സങ്കേതമാണത്രേ ആപ്പിള്‍ നിര്‍മിക്കുന്നത്!

സാധാരണഗതിയില്‍ ആപ്പിള്‍ അതിന്റെ ഉത്പന്നങ്ങള്‍ അതീവരഹസ്യമായാണ് വികസിപ്പിക്കാറ്. ടിവി സങ്കേതങ്ങളുടെ കാര്യത്തിലും ‘അവ്യക്തമായ’ ചില ആശയങ്ങള്‍ മാത്രമേ ആപ്പിള്‍ പങ്കുവെച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ഏതെങ്കിലും ടിവി ഷോകളുടെ ലൈസന്‍സിനായി ആപ്പിള്‍ ശ്രമിച്ചിട്ടുമില്ല. അതിനര്‍ഥം, ആപ്പിള്‍ ടിവി യാഥാര്‍ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ്.

എന്നാല്‍, ചില പ്രത്യേക സംഗതികള്‍ മീഡിയ കമ്പനികളുമായി ഗൂഗിള്‍ ചര്‍ച്ചചെയ്തു. ടെലിവിഷന്റെ ഉള്ളടക്കം വ്യത്യസ്ത രീതിയില്‍ സ്ട്രീമിങ് നടത്തുന്നതാണ് അതിലൊരു സംഗതി. ടിവി സെറ്റില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം, വ്യത്യസ്തമായ മറ്റൊരു ഉപകരണത്തില്‍ (ഉദാഹരണത്തിന് സ്മാര്‍ട്ട്‌ഫോണ്‍) യാത്രയ്ക്കിടെ കാണാന്‍ കഴിയുംവിധം സ്ട്രീമിങിന്റെ സാധ്യത വര്‍ധിപ്പിക്കുക.

ആപ്പിളിന്റെ ടിവി സെറ്റപ്പ് ബോക്‌സ് ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. അതിന്റെ സഹായത്തോടെ, പുതിയ വീഡിയോ സ്ട്രീമിങ് സാധ്യമാക്കുന്ന കാര്യമാവാം ഒരുപക്ഷേ, ആപ്പിള്‍ ഉന്നതര്‍ മീഡിയ എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ച ചെയ്തതെന്നും ചിലര്‍ പറയുന്നു.

ആളുകള്‍ ടിവി ആസ്വദിക്കുന്ന രീതി മാറ്റുകയെന്നത് ആപ്പിളിന്റെ ആഗ്രഹമാണ്. മ്യൂസിക് വ്യവസായവും സെല്‍ഫോണ്‍ വ്യവസായവും ആപ്പിള്‍ മാറ്റിമറിച്ചതു പോലെ, ഇക്കാര്യവും സാധ്യമാക്കണമെന്നത് സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നമായിരുന്നു.

ആപ്പിളിന്റെ വയര്‍ലെസ് സ്ട്രീമിങ് സങ്കേതമായ ‘എയര്‍പ്ലേ’ (AirPlay)യുടെ ഒരു വേര്‍ഷനാകണം ടിവിക്കായി ആപ്പിള്‍ വികസിപ്പിക്കുന്നതെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. ഐഫോണ്‍, ഐപാഡ് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളില്‍ നിന്ന് സെറ്റപ്പ് ബോക്‌സിന്റെ സഹായമില്ലാതെ ടെലിവിഷനിലേക്ക് വീഡിയോ സ്ട്രീമിങ് നടത്താന്‍ ഈ സങ്കേതം സഹായിക്കും (ഈ പ്രക്രിയ ഇപ്പോള്‍ ആപ്പിളിന്റെ ടിവി സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ സാധ്യമാണ്).

പുതിയൊരിനം ടെലിവിഷന്‍ തന്നെയാണ് ആപ്പിള്‍ വികസിപ്പിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും, അതിനോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ആപ്പിളിനെപ്പോലെ ടിവി പുനരവതരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന ഒട്ടേറെ കമ്പനികളുണ്ട്. കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും വീഡിയോ ആസ്വദിക്കുന്നത് ടിവിയിലും സാധ്യമാക്കാനാണ് മിക്കവരുടെയും ശ്രമമെങ്കിലും, അത്തരം ഉപകരണങ്ങള്‍ക്ക് പരസ്പരം ആശയമവിനിമയം സാധ്യമാക്കുന്നതാണ് ഇപ്പോഴും പ്രശ്‌നം.

ടിവി രംഗത്ത് കാര്യമായി ഇടപെടുന്ന കമ്പനികളിലൊന്ന് ഗൂഗിളാണ്. പരമ്പരാഗത ടിവികളില്‍ ഇന്റര്‍നെറ്റ് വീഡിയ ആസ്വദിക്കാന്‍ പാകത്തിലുള്ള ആപ്ലിക്കേഷനുകള്‍, ഗൂഗിള്‍ ടിവി സോഫ്ട്‌വേറിന്റെ സഹായത്തോടെ യൂസര്‍മാരിലെത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. മൈക്രോസോഫ്ട് അതിന്റെ എക്‌സ്‌ബോക്‌സ് ഗെയിമിങ് കണ്‍സോളില്‍ വീഡിയോ ഉള്ളടക്കം ആസ്വദിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടെക്‌നോളജി ഭീമന്‍മാരുടെ പുതിയ മത്സരരംഗമായി ടെലിവിഷന്‍ മാറുന്നുവെന്നാണ് ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന. പരമ്പരാഗത ടെലിവിഷന്‍ മാധ്യമം പുതിയ രൂപത്തില്‍ പിറവിയെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s