പതിനാലുകാരി സിഇഒ


നമ്മളില്‍ പലരും ഒരു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായാല്‍ കൊള്ളാമെന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്. പലര്‍ക്കും അത് ഒരു മോഹമായി തന്നെ തുടരും. അത് നടക്കാതെ വരുമ്പോള്‍, ‘സിഇഒ ആകാന്‍ പരിചയസമ്പത്തും കഠിനാധ്വാനവുമൊക്കെ വേണം’ എന്നു കരുതിയാവും നാം സമാധാനിക്കുക.

ഇവിടെയാണ് 14കാരിയായ സിന്ധുജ രാജാരാമന്‍ വ്യത്യസ്തയാകുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ചെന്നൈ സ്വദേശിയായ ഈ ഒമ്പതാം ക്ലാസ്സുകാരി.

ചെന്നൈ ആസ്ഥാനമായുള്ള സെപ്പന്‍ എന്ന അനിമേഷന്‍ കമ്പനിയുടെ സിഇഒ ആണ് ഈ കൊച്ചുമിടുക്കി. ഈ സ്ഥാനത്തെത്താന്‍ എന്തു യോഗ്യതയാണ് ഈ ‘കൊച്ചുപെണ്ണി’ന് എന്ന് സ്വാഭാവികമായും നമുക്ക് സംശയം തോന്നാം. അനിമേഷന്‍ രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിക്കാന്‍ സിന്ധുജയ്ക്ക് ആയിട്ടുണ്ട്. ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ സംഘടിപ്പിച്ച ഗെയിമിങ് ആന്‍ഡ് അനിമേഷന്‍ കോണ്‍ക്ലേവില്‍ ഏറ്റവും വേഗതയാര്‍ന്ന 2ഡി, 3ഡി അനിമേറ്ററായിരുന്നു ഇവള്‍. കോറെല്‍ കോര്‍പ്പറേഷന്‍ സര്‍ട്ടിഫൈ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കാരിക്കേച്ചറിസ്റ്റും.

അനിമേറ്റര്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിഇഒ എന്നത് ഒരു സ്ഥാനം മാത്രമാണെന്നുമാണ് സിന്ധുജയുടെ പക്ഷം.

”അനിമേഷന്‍ രംഗത്ത് പ്രായപരിധികള്‍ ഒന്നും തന്നെയില്ല. കഴിവുണ്ടെങ്കില്‍ ഏതു പ്രായക്കാര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരാം. അത് കൊച്ചുകുട്ടിയാവട്ടെ പ്രായമുള്ളയാളാവട്ടെ”സിന്ധുജയുടെ വാക്കുകളില്‍ ഒരു സിഇഒയുടെ ഗൗരവം.

ഇന്ത്യയില്‍ അനിമേഷന് അനന്തസാധ്യതയാണെന്നും രാജ്യത്ത് വലിയൊരു അനിമേഷന്‍ ബൂം തന്നെ ഉണ്ടാവുമെന്നും അവള്‍ പറയുന്നു. ഇത് മുന്നില്‍ കണ്ടാണ് പല മുന്‍നിര കമ്പനികളും അനിമേഷന്‍ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. എല്ലാവര്‍ക്കും അനിമേഷനും മള്‍ട്ടിമീഡിയയും വേണമെന്ന അവസ്ഥയാണ് ഇപ്പോള്‍. മത്സരം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും താന്‍ അത് ആസ്വദിക്കുന്നുണ്ടെന്ന് സിന്ധുജ പറയുന്നു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന നിലയില്‍ ഉടന്‍ തന്നെ ഗിന്നസ് ബുക്കിന്റെ താളുകളില്‍ ഇടം നേടും സിന്ധുജ. അനിമേഷന്‍ രംഗത്ത് ഇനിയും പഠിക്കാന്‍ ഏറെയുണ്ടെന്ന് വിശ്വസിക്കുന്ന സിന്ധുജയുടെ ലക്ഷ്യം കാനഡയിലെ വാന്‍കോവര്‍ ഫിലിം സ്‌കൂളില്‍ അനിമേഷനില്‍ ഉപരിപഠനം നടത്തുക എന്നതാണ്. പിന്നെ ‘സെപ്പന്‍ അനിമേഷ’നെ വലിയൊരു അനിമേഷന്‍ കമ്പനിയായി വളര്‍ത്തണം. തന്നെക്കൊണ്ട് അത് സാധ്യമാണെന്ന് സിന്ധുജയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം.

By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s