പറഞ്ഞാല്‍ അനുസരിക്കുന്ന ടിവി, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണ്‍, പാചകത്തിന് സഹായിക്കുന്ന ടാബ്‌ലറ്റ്!


ഇരുപത് ഭാഷകളില്‍ നിര്‍ദേശം സ്വീകരിക്കുന്ന സ്മാര്‍ട്ട് ടിവി, ആംഗ്യഭാഷ മനസിലാക്കുന്ന ഉപകരണങ്ങള്‍, വെള്ളത്തിലിട്ടാലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, അടുക്കളയില്‍ പാചകത്തിന് സഹായിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍, ത്രീഡി പ്രിന്റിങ് ആപ്ലിക്കേഷന്‍……അമേരിക്കയില്‍ ലാസ് വെഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ് 2012), ഭാവിയിലേക്ക് തുറന്നുവെച്ച ജാലകമാണ്.

അമേരിക്കന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍, ലോകത്തെ പ്രമുഖ ടെക്‌നോളജി കമ്പനികളെല്ലാം തങ്ങളുടെ ആവനാഴിയിലെ പുത്തന്‍ ആയുധങ്ങളുമായി എത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാകുന്ന ഒട്ടേറെ ടെലിവിഷന്‍ മോഡലുകള്‍ സിഇഎസില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും ശ്രദ്ധേയം ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് അവതരിപ്പിച്ച സ്മാര്‍ട്ട് ഇന്റര്‍നെറ്റ് ടിവിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിമോട്ട് കണ്‍ട്രോളിന് പകരം ശബ്ദനിര്‍ദേശങ്ങള്‍ കൊണ്ടും, ആംഗ്യങ്ങളാലും നിയന്ത്രിക്കാന്‍ സാധിക്കുന്നവയാണ് ഭാവി ടെലിവിഷനുകളായി അവതരിപ്പിക്കപ്പെട്ട മോഡലുകളെല്ലാം.

എന്നാല്‍, ഓരോ വര്‍ഷവും ഹാര്‍ഡ്‌വേര്‍ അപ്‌ഗ്രേഡ് ചെയ്യാനും പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും എന്നതാണ് സാംസങ് അവതരിപ്പിച്ച ‘സ്മാര്‍ട്ട് ഇന്റര്‍നെറ്റ് ടെലിവിഷ’ന്റെ സവിശേഷത. ടെലിവിഷന്‍ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ കാലഹരണപ്പെടുമെന്ന ഭയം ഉപഭോക്താവിന് വേണ്ടെന്ന് സാരം.

ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ആപ്പിള്‍ കമ്പനി നിര്‍മിക്കുന്നതായി അടുത്തയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെയെങ്കില്‍, സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലെന്ന പോലെ സ്മാര്‍ട്ട് ടിവി രംഗത്തും മുഖ്യമത്സരം ആപ്പിളും സാംസങും തമ്മിലാകും.

നിലവില്‍ സാംസങ് കമ്പനി ഓരോ രണ്ട് സെക്കന്‍ഡിലും രണ്ട് ടെലിവിഷന്‍ സെറ്റ് വീതമാണ് വില്‍ക്കുന്നത്. അതിന്റെ ആവേഗം കൂട്ടാനാണ് പുതിയ നീക്കം. 2008 മുതല്‍ സ്മാര്‍ട്ട് ടിവി മോഡലുകള്‍ അവതരിപ്പിക്കുന്ന സാംസങിന്റെ ഏറ്റവും പുതിയ മോഡല്‍ ഇഎസ്8000 (ES8000) ആണ്. അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതയാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത്.

ടിവിയിലുള്ള ബില്‍ട്ടിന്‍ ക്യാമറയുടെ സഹായത്തോടെ യൂസര്‍ക്ക് തങ്ങളുടെ കൈകളുടെ ആഗ്യം കൊണ്ട് ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുകയും ചാനലുകള്‍ മാറ്റുകയും ചെയ്യാം. മാത്രമല്ല, ഇരുപതിലേറെ ഭാഷകള്‍ ‘മനസിലാക്കാനുള്ള’ കഴിവും ടിവിക്കുണ്ട്. യൂസര്‍മാരെ മുഖംകണ്ട് തിരിച്ചറിയാനും (facial recognition) ടിവിക്കാകും. അത് മനസിലാക്കി ഒരാളുടെ ഇഷ്ടചാനലുകളിലേക്കും സൈറ്റുകളിലേക്കും വേഗത്തിലെത്താം.

സാംസങ് അതിന്റെ സ്വന്തം സോഫ്ട്‌വേറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടിവി ആവതരിപ്പിച്ചപ്പോള്‍, ഗൂഗിള്‍ ടിവി സംവിധാനത്തിന്റെ സഹായത്തോടെ അമേരിക്കന്‍ വിപണി ലക്ഷ്യം വെച്ച് എല്‍ജി കമ്പനി പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിച്ചു. ശബ്ദം തിരിച്ചറിയാന്‍ അതിന് കഴിയുമെന്ന് പറഞ്ഞെങ്കിലും, കൂടുതല്‍ വിശദാംശങ്ങള്‍ എല്‍ജി വെളിപ്പെടുത്തിയില്ല. സാംസങും എല്‍ജിയും മാത്രമല്ല, പാനാസോണിക്, ഹെയിയര്‍ തുടങ്ങി ഒട്ടേറെ കമ്പനികളും ഇന്റര്‍നെറ്റ് സംവിധാനമുള്ള ടിവി മോഡലുകള്‍ അവതരിപ്പിച്ചു.

ആംഗ്യം പുതിയ മന്ത്രം
മള്‍ട്ടിടച്ച് സങ്കേതം പഴയതാകുന്നു എന്നതാണ് സിഇഎസ് 2012 കാഴ്ചവെയ്ക്കുന്ന ചിത്രം. ‘സ്പര്‍ശനരഹിത’ ലോകത്തേക്കാണ് ടെക്‌നോളി രംഗം ചുവടുവെയ്ക്കുന്നത്. ആംഗ്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഉപകരണങ്ങള്‍ കൂടുതലായി എത്താന്‍ പോകുന്നു. 

പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ അവതരിപ്പിച്ച ‘അള്‍ട്രാബുക്കുകള്‍’ ആംഗ്യംകൊണ്ട് പ്രവര്‍ത്തിപ്പിക്കാനാവുന്നതാണ്. പ്രതേകതരം സെന്‍സറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുതിയ സങ്കേതം ഉപയോഗിക്കുന്ന ഏതാണ്ട് 75 ലാപ്‌ടോപ്പ് മോഡലുകള്‍ ഈ വര്‍ഷം പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്റല്‍ പറയുന്നു. കമ്പനി അവതരിപ്പിച്ച മറ്റൊരു ഉത്പന്നം ‘ടച്ച്-ഫ്രീ’ ക്രെഡിറ്റ് കാര്‍ഡ് റീഡറുകളാണ്.

പുതിയ സങ്കേതത്തിനായി കമ്പനി വന്‍തോതില്‍ പരസ്യപ്രചാരണം ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇന്റല്‍ അധികൃതര്‍ അറിയിച്ചു. ആദ്യ തലമുറ അള്‍ട്രാബുക്കുകളെക്കാള്‍ ശക്തിയേറിയതാവും അടുത്ത തലമുറയെന്ന് ഇന്റലിലെ മൂലി ഏദന്‍ അറിയിച്ചു.

ആപ്പിളിന്റെ ഐഫോണ്‍ 4എസിലെ ഡിജിറ്റല്‍ സഹായിയായ സിരിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ന്യുവാന്‍സ് കമ്പനിയുമായി തന്ത്രപരമായ സംഖ്യം സ്ഥാപിച്ചതായും ഇന്റല്‍ വെളിപ്പെടുത്തി. ശബ്ദം തിരിച്ചറിയാനുള്ള സങ്കേതം വികസിപ്പിക്കുന്ന കമ്പനിയാണ് ന്യുവാന്‍സ്.

വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണ്‍
കാലിഫോര്‍ണിയ കേന്ദ്രമായുള്ള ‘ലിക്വിപെല്‍’ (Liquipel) കമ്പനി വികസിപ്പിച്ച ‘നാനോ ആവരണം’ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രദര്‍ശനത്തില്‍ ശ്രദ്ധ നേടി. നാനോ ആവരണമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വെള്ളത്തില്‍ വീണാലും കുഴപ്പമില്ല. ഇത്തരം ആവരണമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വെള്ളത്തില്‍ ഒരു മീറ്റര്‍ ആഴത്തില്‍ അര മണിക്കൂര്‍ കിടന്നിട്ടും കുഴപ്പമുണ്ടായില്ലെന്ന് കമ്പനി പറയുന്നു.

ഇത്തരം ആവണങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകില്ല. അതിനാല്‍ വാട്ടര്‍പ്രൂഫ് ആവരണം ഉള്ളകാര്യം തിരിച്ചറിയില്ല. പ്രധാന നിര്‍മാണ കമ്പനികളുമായി തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ലിക്വിപെല്‍ അറിയിച്ചു.

അടുക്കളയിലും ടാബ്‌ലറ്റ്
ഫ്രഞ്ച് കമ്പനിയായ ക്യൂക് (Qooq) ആണ് അടുക്കളയിലെ ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്ത ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചത്. 

വെള്ളം തെറിച്ചാലും കേടാകാത്ത ഈ ഉപകരണം, 60 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവിലും സുഗമമായി പ്രവര്‍ത്തിക്കും.

ആയിരക്കണക്കിന് പാചകവിധികളും കുറിപ്പുകളും ലോഡ് ചെയ്തിട്ടുള്ള ഈ ലിനക്‌സ് അധിഷ്ഠിത ടാബ്‌ലറ്റ്, അടുക്കളയിലെ സഹായിയാകാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ ഈ ടാബ്‌ലറ്റ് ഇപ്പോള്‍ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.

ത്രീഡി പ്രിന്റിങ് ആപ്പ്
സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുടെ (ആപ്പ്‌സ്) കാലം കൂടിയാണിത്. സിഇഎസിലും അത് പ്രകടം. ത്രിമാന പ്ലിന്റിങ് സാധ്യമാക്കുന്ന ഒരു ആപ്ലിക്കേഷന്‍ സിഇഎസില്‍ ശ്രദ്ധ നേടി. സ്‌കള്‍പ്റ്റിയോ (Sculpteo) കമ്പനിയാണ് ത്രീഡി പ്രന്റിങിനുള്ള ആപ്പ് അവതരിപ്പിച്ചത്. മനുഷ്യമുഖത്തെ ഒരു ത്രീഡി രൂപമായി മാറ്റാന്‍ സഹായിക്കുന്ന ആദ്യ ആപ്പ് ആണിത്.

ആപ്പിലുള്ള സോഫ്ട്‌വേര്‍ വ്യക്തിയുടെ മുഖത്തിന്റെ ചിത്രം എടുത്ത ശേഷം, സെറാമിക് രൂപമായി മാറ്റാന്‍ സഹായിക്കുന്നു. സെറാമിക് രൂപത്തിന്റെ അതിരുകള്‍ വ്യക്തിയുടെ മുഖത്തിന്റെ ആകൃതിയെ അനുസ്മരിപ്പിക്കുന്നതാകും. യൂസര്‍ക്ക് ആ സെറാമിക് രൂപം വേണമെങ്കില്‍, കമ്പനി അത് നിര്‍മിച്ച് എത്തിച്ചു തരും.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s