മോട്ടറോളയുമായി സഖ്യം: മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഇന്റലിന്റെ ശ്രമം വീണ്ടും


ഇന്റലിന് കൈവിട്ടുപോയ ഒന്നാണ് മൊബൈല്‍ ഫോണ്‍ രംഗം. ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കള്‍ക്ക്, മൊബൈല്‍ രംഗം കൈവിട്ടുപോയത് ടെക് രംഗത്തെ പ്രഹേളികകളിലൊന്നാണ്. കൈവിട്ടുപോയ അവസരം തിരിച്ചുപിടിക്കാന്‍ ഇന്റല്‍ ശ്രമം തുടങ്ങിയിരിക്കുന്നു. മൊട്ടറോള മൊബിലിറ്റി, ലെനോവൊ എന്നീ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇന്റല്‍ചിപ്പുമായി അടുത്തു തന്നെ പുറത്തിറങ്ങുമെന്ന പ്രഖ്യാനം അതിന്റെ സൂചനയാണ്.

ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്റലിന്റെ ‘മെഡ്ഫീല്‍ഡ് ചിപ്പ്’ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കാനാണ് മോട്ടറോളയും ലെനോവൊയും ധാരണയുണ്ടാക്കിയിരിക്കുന്നത്. മൊബൈല്‍ ചിപ്പ് രംഗത്ത് ആധിപത്യമുള്ള ബ്രിട്ടീഷ് കമ്പനിയായ ആം ഹോര്‍ഡിങ്‌സും ഇന്റലും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്റല്‍ മൊട്ടറോളയുമായി സഖ്യമുണ്ടാക്കിയത് വളരെ അര്‍ഥവത്താണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ഉടമയായ ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കി വരികയാണ്. വളരെ വേഗം വളരുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ്. ആ നിലയ്ക്ക് ഇന്റലിന്റെ നീക്കത്തെ തന്ത്രപ്രധാനമായാണ് പലരും കാണുന്നത്. ഈ നീക്കം വിജയിച്ചാല്‍ ഇനി മൊബൈലിലും ‘ഇന്റല്‍ ഇന്‍സൈഡ്’ എന്ന മുദ്ര പ്രത്യക്ഷപ്പെടും. 

മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഇന്റല്‍ ശ്രമിക്കുന്നത് ആദ്യമായല്ല. ഇന്റല്‍ ചിപ്പ് ഉപയോഗിക്കുന്ന ഫോണ്‍ പുറത്തിറക്കാന്‍ എല്‍ജിയുമായി കരാറുണ്ടാക്കിയ കാര്യം, 2010 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ആ മൊബൈല്‍ ഫോണ്‍ ഒരിക്കലും പുറത്തിറങ്ങിയില്ല.

എന്നാല്‍, ഇത്തവണ തങ്ങളുടെ ചിപ്പുമായി മൊബൈല്‍ ഫോണുകള്‍ പുറത്തിറങ്ങുന്ന ഏകദേശ സമയവും ഇന്റല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡ്ഫീല്‍ഡ് അധിഷ്ഠിത ഫോണുകള്‍ ലെനോവൊ ജൂലായ്ക്ക് മുമ്പ് രംഗത്തെത്തിക്കുമെന്ന് ഇന്റല്‍ അധികൃതര്‍ പറഞ്ഞു. ചൈനയിലാകും ഫോണ്‍ ആദ്യം വിപണിയിലെത്തുക. മൊട്ടറോളയുടെ ഹാന്‍ഡ്‌സെറ്റ് ഈവര്‍ഷം രണ്ടാം പകുതിയില്‍ വിപണിയിലെത്തുമെന്നും ഇന്റല്‍ അറിയിച്ചു.

ക്‌സ് 86 ആര്‍കിടെക്ച്ചര്‍ സെന്‍ട്രല്‍ പ്രൊസസര്‍ യൂണിറ്റ് (സിപിയു), റാം മെമ്മറി, സ്റ്റോറേജ്, ഇമേജിനേഷന്‍ ടെക്‌നോളജീസ് രൂപകല്‍പ്പന ചെയ്ത ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റ്-ഇവയെല്ലാം കൂടി ഇന്റലിന്റെ 32 നാനോമീറ്റര്‍ നിര്‍മാണ സങ്കേതമുപയോഗിച്ച് ഒറ്റ ചിപ്പില്‍ സന്നിവേശിപ്പിച്ചുണ്ടാക്കിയതാണ് മെഡ്ഫീല്‍ഡ് ചിപ്പ് സംവിധാനം. വിരലഗ്രത്തെക്കാള്‍ ചെറുതായ ഈ ചിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത് ഏറ്റവും ക്ഷമതയോടെ ഊര്‍ജോപയോഗം സാധ്യമാകത്തക്ക വിധത്തിലാണ്. അതുകൊണ്ട് ബാറ്ററി ലൈഫ് കൂടുതലുണ്ടാകുമെന്ന് ഇന്റല്‍ അവകാശപ്പെടുന്നു.

ത്രീജിയില്‍ എട്ട് മണിക്കൂര്‍ കോള്‍ടൈം ആണ് ഈ ചിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്ക് ഇന്റല്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്. ആറ് മണിക്കൂര്‍ 1080പി വീഡിയോ റിക്കോര്‍ഡിങും, അഞ്ച് മണിക്കൂര്‍ ത്രീജി ഇന്റര്‍നെറ്റ് ബ്രൗസിങും കമ്പനി ഉറപ്പുനല്‍കുന്നു.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിനായി പുതിയ ചിപ്പ് എത്തുമ്പോള്‍, നിലവിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ അതില്‍ പ്രവര്‍ത്തിക്കുമോ എന്നത് പ്രശ്‌നമാകും. നിലവിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ചിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇന്റല്‍ പറയുന്നു. ആം അധിഷ്ഠിത പ്രൊസസറുകള്‍ക്കായി രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകളില്‍ 25 ശതമാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സങ്കേതം വികസിപ്പിച്ചതായും ഇന്റല്‍ അറിയിച്ചു.

നിലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായാണ് മെഡ്ഫീല്‍ഡ് ചിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഇവ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് യോജിക്കും വിധം പരിഷ്‌ക്കരിക്കുമെന്ന് ഇന്റല്‍ അറിയിച്ചു.

നിലവില്‍ ക്ലോവെര്‍ ട്രയല്‍ പ്രൊസസറാണ് ടാബ്‌ലറ്റുകള്‍ക്കായി ഇന്റല്‍ നിര്‍മിക്കുന്നത്. ആ പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള വിന്‍ഡോസ് 8 ടാബ്‌ലറ്റ്, സിഇഎസിലെ പ്രഭാഷണത്തിനിടെ ഇന്റല്‍ മേധാവി പോള്‍ ഒട്ടെല്ലിനി പ്രദര്‍ശിപ്പിച്ചു.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s