‘അമ്മ’യുടെ മക്കള്‍ക്ക് ആദ്യ ജയം


കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിത്തില്‍ കാണികളുടെ കടലിനെ സാക്ഷിയാക്കി മലയാളത്തിന്റെ നക്ഷത്രങ്ങള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ ജയത്തെ ചുംബിച്ചു. രണ്ട് കളികളും ജയിച്ചെത്തിയ ബോളിവുഡ്താരനിരയെ 10 വിക്കറ്റിന് തകര്‍ത്താണ് ‘അമ്മ’യുടെ മക്കള്‍ സ്വന്തംമണ്ണില്‍ ഹിറ്റൊരുക്കിയത്. സ്‌കോര്‍: മുംബൈ ഹീറോസ് 20 ഓവറില്‍ 9ന് 128. കേരള സ്‌ട്രൈക്കേഴ്‌സ് 16.5 ഓവറില്‍ വിക്കറ്റുപോകാതെ 129. രാജീവ് പിള്ളയാണ് ‘മാന്‍ ഓഫ് ദി മാച്ച്’. 

ഹൈദരാബാദില്‍ അപ്രതീക്ഷിത ക്ലൈമാക്‌സില്‍ പരാജയപ്പെട്ട സ്‌ട്രൈക്കേഴ്‌സ് അതിശക്തമായാണ് സി.സി.എല്ലിന്റെ വിജയപാതയിലേക്കെത്തിയത്. മുംബൈ ഹീറോസിന്റെ ‘അപരാജിതര്‍’ എന്ന വിശേഷണത്തെ ആത്മവിശ്വാസംകൊണ്ട് നേരിട്ട് മലയാളത്തിന്റെ താരസംഘം തിളങ്ങി. മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയുടെയും കലൂര്‍ സ്റ്റേഡിയം കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെയും മുന്നിലായിരുന്നു മോഹന്‍ലാല്‍ നയിച്ച കേരള സ്‌ട്രൈക്കേഴ്‌സിന്റെ പ്രകടനം. നാല് ഓവറില്‍ വെറും 18 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ബിനീഷ് കോടിയേരിയും 63 പന്തില്‍നിന്ന് 75 റണ്ണെടുത്ത് പുറത്താകാതെ നിന്ന രാജീവ്പിള്ളയുമാണ് സ്‌ട്രൈക്കേഴ്‌സിന്റെ ഹീറോകള്‍. നാല് ഓവറില്‍ 18 റണ്‍ നല്‍കി മൂന്ന് വിക്കറ്റെടുത്ത ഉണ്ണി മുകുന്ദനും മികച്ചുനിന്നു. സല്‍മാന്‍ ഖാന്‍ എത്തിയില്ലെങ്കിലും അനുജന്‍ സൊഹൈയ്ല്‍ ഖാന്‍ സ്വന്തം ടീമിന്റെ തോല്‍വി നേരിട്ടുകണ്ടു.

ടോസ് നഷ്ടപ്പെട്ട സ്‌ട്രൈക്കേഴ്‌സ് ബൗളിങ്ങിനെത്തിയത് ചെന്നൈ റൈനോസിനെതിരായ തോല്‍വിയുടെ ക്ഷീണം അല്‍പ്പംപോലുമില്ലാതെയാണ്. സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെ മുന്നോട്ടുകുതിച്ച മുംബൈ ഹീറോസിനു മുന്നില്‍ ആദ്യത്തെ വില്ലനായത് മലയാളത്തിലെ യുവനായകന്‍ ഉണ്ണി മുകുന്ദനാണ്. നാലാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റാണ് ഉണ്ണിക്കു മുന്നില്‍ മുംബൈ അടിയറ വച്ചത്. പിന്നീട് ബൗളിങ് കടിഞ്ഞാണ്‍ ബിനീഷ് കോടിയേരിയുടെ കൈകളിലായി. വിസ്മയം എന്ന വാക്കിനെ സ്‌നേഹിക്കുന്ന മോഹന്‍ലാലിന് വലങ്കൈ സ്പിന്നിലൂടെ അത് കാട്ടിക്കൊടുത്ത ബിനീഷ് അവസാന ഓവറില്‍ മാത്രംവീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. ഒരു ഘട്ടത്തിലും ആഞ്ഞുവീശാന്‍ അവസരം കൊടുക്കാതെ പന്തും കൈയുംകൊണ്ട് സ്‌ട്രൈക്കേഴ്‌സ് സണ്ണി ഡിയോളിന്റെ ടീമിനെ വരിഞ്ഞുമുറുക്കി. മുംബൈ ബാറ്റിങ്ങില്‍ 27 റണ്ണെടുത്ത വരുണ്‍ ബദോലയാണ് ടോപ് സ്‌കോറര്‍.

129 എന്ന വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് മലയാളതാരങ്ങള്‍ മുന്നേറിയത്. ഓപ്പണര്‍മാരായ നിവിന്‍ പോളിയും രാജീവ് പിള്ളയും ശ്രദ്ധയോടെയാണ് കളിച്ചത്. മോശം പന്തുകള്‍ തിരഞ്ഞെടുത്ത് കളിച്ച രാജീവ് പന്തിനെ നാലുപാടും പായിച്ച് ചെന്നൈക്കെതിരായ ഫോം കൊച്ചിയിലും കാത്തു. മറുവശത്ത് വിക്കറ്റ് സൂക്ഷിച്ചുകൊണ്ടുള്ള സഹനടന്റെ റോളായിരുന്നു നിവിന്. അലറുന്ന ജനത്തിനു മുന്നില്‍ തളര്‍ന്ന ബോളിവുഡ് വൈഡുകളും ഓവര്‍ത്രോകളും യഥേഷ്ടം നല്‍കി കേരളത്തെ സഹായിച്ചു. 7.1 ഓവറില്‍ 50 കടന്ന സ്‌ട്രൈക്കേഴ്‌സ് 13.1 ഓവറില്‍ 100ല്‍ എത്തി. ഷബീര്‍ അലുവാലിയ എറിഞ്ഞ 17-ാം ഓവര്‍ തുടങ്ങുമ്പോള്‍ സ്‌ട്രൈക്കേഴ്‌സിന്റെ ജയം എട്ട് റണ്‍ അകലെയായിരുന്നു. നാലാം പന്ത് നിവിന്റെ ബാറ്റിലുരഞ്ഞ് കീപ്പറെ കബളിപ്പിച്ച് ബൗണ്ടറി കടന്നപ്പോള്‍ സമ്മര്‍ദ്ദമൊഴിഞ്ഞ് അവസാന ആരവത്തിനായി സ്‌റ്റേഡിയം തയ്യാറെടുത്തു. ഒടുവില്‍ അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെയുള്ള ഒരു റണ്‍ എത്തിനിന്നത് കേരളം കാത്ത നിമിഷത്തിലും.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s