സെസ്സിലെ താരമായി നോക്കിയ ലൂമിയ


ആഗോള ഇലക്‌ട്രോണിക്‌സ് ഉത്പന്നപ്രദര്‍ശനങ്ങളിലെ തൃശൂര്‍ പൂരമാകുന്നു കൊല്ലംതോറും അമേരിക്കയിലെ ലാസ്‌വെഗാസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യുമര്‍ ഇലക്‌ട്രോണിക് ഷോ (സി.ഇ.എസ്). സെസ്സ് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഈ മേളയിലാണ് ലോകത്തെ മാറ്റിമറിച്ച പല ഇലക്‌ട്രോണിക് ഉപകരണങ്ങളും ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 1970 ല്‍ വി.സി.ആര്‍., 1981 ല്‍ സി.ഡി.പ്ലെയര്‍, 1998 ല്‍ എച്ച്.ഡി.ടി.വി., 2003 ല്‍ ബ്ലൂറേ ഡിസ്‌ക്… ഇവയൊക്കെ ജനം ആദ്യമായി കണ്ടത് സെസ്സ് മേളയിലാണ്. വഴിയെപോകുന്നവനൊക്കെ കയറിക്കാണാന്‍ സാധിക്കുന്ന ലോക്കല്‍ എക്‌സിബിഷനാണ് സെസ്സെന്നു കരുതരുത്. 3,100 ഇലക്‌ട്രോണിക്‌സ് കമ്പനികളുടെ പവലിയനുകള്‍ പ്രവര്‍ത്തിക്കുന്ന മേളയ്ക്കകത്തു കയറണമെങ്കില്‍ മാസങ്ങള്‍ക്കു മുമ്പേ അപേക്ഷ അയച്ച് ഫീസുമടച്ച് അഡ്മിഷന്‍ കാര്‍ഡ് നേടണം. വിവിധ കമ്പനി ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമായി 1,40,000 പേര്‍ ഇത്തവണത്തെ സെസ്സ് കാണാനെത്തിയിരുന്നു. ജനവരി പത്തിനാരംഭിച്ച മേള പതിമൂന്നാം തീയതി അവസാനിക്കുകയും ചെയ്തു.

സെസ് 2012 ന് കൊടിയിറങ്ങിയതോടെ ഇത്തവണ ശ്രദ്ധിക്കപ്പെട്ട ഗാഡ്ജറ്റുകളേതൊക്കെയാണെന്ന് വിലയിരുത്തുന്ന തിരക്കിലാണ് ടെക്‌സൈറ്റുകളും ബ്ലോഗര്‍മാരും. ലാപ്‌ടോപ്പും ടാബ്‌ലറ്റും ത്രിഡി ടിവിയും മൊബൈല്‍ ഫോണുകളുമൊക്കെയായി നൂറിലേറെ പുത്തന്‍മോഡലുകള്‍ വിവിധ കമ്പനികള്‍ പുറത്തിറക്കിയിരുന്നു. ഇവയില്‍ താരമായി മാറിയ സ്മാര്‍ട്‌ഫോണുകള്‍ ഏതെന്ന ചോദ്യത്തിന് മിക്കവാറും ടെക്പണ്ഡിതന്‍മാര്‍ക്കും ഒരേ ഉത്തരമാണ്, നോക്കിയ ലൂമിയയും എച്ച്.ടി.സി. ടൈറ്റാന്‍ ടുവും. രണ്ടുമോഡലുകളും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നത് സംഗതിയുടെ വാര്‍ത്താപ്രാധാന്യം വര്‍ധിപ്പിക്കുന്നു. വിന്‍ഡോസ് ഫോണ്‍ ഒഎസ് തരംഗമാകാന്‍ പോകുന്നതിന്റെ സൂചനയായി ഈ ഫോണുകളുടെ സ്വീകാര്യത വിലയിരുത്തപ്പെടുന്നു.

2011 ല്‍ ആന്‍ഡ്രോയ്ഡിന്റെയും ഐഫോണ്‍ ഒഎസിന്റെയും പ്രഭാപൂരത്തിലായിരുന്നു സ്മാര്‍ട്‌ഫോണ്‍ വിപണി. മൂന്നാമതൊരു സാധ്യതയായ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിനെ അധികമാരും ഗൗനിച്ചതേയില്ല. കഴിഞ്ഞവര്‍ഷം വിന്‍ഡോസ് ഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്‌ഫോണ്‍ മോഡലുകളറിങ്ങിയെങ്കിലും എതിരാളികളുടെ പരിഹാസത്തിന് പാത്രമാകാനേ അവയ്ക്ക് സാധിച്ചുള്ളൂ. 4ജി, ഫ്രണ്ട് ക്യാമറ തുടങ്ങി സ്മാര്‍ട്‌ഫോണുകള്‍ക്ക് അവശ്യം വേണ്ട സംവിധാനങ്ങള്‍ പോലും ആ മോഡലുകള്‍ക്കില്ലായിരുന്നു എന്നതുതന്നെ കാരണം. അമേരിക്കയൊന്നാകെ 4ജി സംവിധാനത്തിലേക്ക് മാറാന്‍ തുടങ്ങുന്ന സമയത്ത് അതില്ലാത്ത സ്മാര്‍ട്‌ഫോണ്‍ ആര്‍ക്കുവേണം എന്ന വിമര്‍ശകരുടെ ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ലായിരുന്നു. വര്‍ഷാവസാനം ഐഫോണ്‍ 4എസ് കൂടി പുറത്തിറങ്ങിയതോടെ വിന്‍ഡോസ് ഫോണിനെക്കുറിച്ച് ആരും സംസാരിക്കാന്‍ പോലുമിഷ്ടപ്പെട്ടില്ല.

എന്നാല്‍ അവഗണനയില്‍ നിന്നും തിരിച്ചടിയില്‍ നിന്നും പുതുപാഠങ്ങള്‍ക്കൊണ്ടാണ് സെസ് 2012 ല്‍ വിന്‍ഡോസ് ഫോണ്‍ കാലെടുത്തുവെച്ചത്. സാംസങിന്റെയും ഐഫോണിന്റെയൂം മുന്നില്‍ നിറംമങ്ങിപ്പോയ നോക്കിയയ്ക്കും ഒരു തിരിച്ചുവരവ് ആവശ്യമായിരിക്കുന്നു. മൈക്രോേസാഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് സ്വന്തം ഒഎസായ സിംബിയനെ നോക്കിയ ഉപേക്ഷിച്ചതുതന്നെ. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കിടിലന്‍ സ്മാര്‍ട്‌ഫോണ്‍- ലൂമിയ 900 – അവതരിപ്പിച്ചുകൊണ്ട് അവര്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് ശരിയാണെന്നു തെളിയിച്ചിരിക്കുകയാണ്.

എല്ലാം തികഞ്ഞൊരു സ്മാര്‍ട്‌ഫോണ്‍- കണ്ടവര്‍ ലൂമിയ 900 നെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ലൂമിയയുടെ ഏറ്റവും വലിയ ശക്തിയായി വിശേഷിപ്പിക്കപ്പെടുന്നത് വിന്‍ഡോസ് ഫോണ്‍ 7.5 മാങ്കോ ഒഎസ് തന്നെ. എന്തുചെയ്യണമെന്നറിയാത്ത കാക്കത്തൊളളായിരം ആപ്ലിക്കേഷനുകളുടെ ചന്തപ്പറമ്പായ ആന്‍ഡ്രോയിഡിന്റെ രീതിയേ അല്ല വിന്‍ഡോസിന്റേത്. ഓരോ ഉപഭോക്താവിനും ഇഷ്ടം പോലെ കാര്യങ്ങള്‍ ചെയ്യാവുന്ന കസ്റ്റമൈസേഷന്‍ രീതിയല്ല, എല്ലാ ഫോണുകളും ഒരുപോലിരിക്കുന്ന സ്റ്റാന്റഡൈസേഷന്‍ രീതിയാണ് വിന്‍ഡോസിന് പഥ്യമെന്നുതോന്നുന്നു. ആളുകളെ കൂടുതല്‍ ആയെക്കുഴപ്പത്തിലാക്കാത്ത ഈ രീതി ഹിറ്റായി എന്നതിന്റെ തെളിവാണ് ലൂമിയയുടെ ജനപ്രീതി. എന്നുകരുതി നമുക്കിഷ്ടപ്പെട്ട ഒരു ആപ്‌സ് പോലും ഫോണില്‍ സൂക്ഷിക്കാന്‍ പറ്റില്ലെന്നു കരുതരുത്്. ആവശ്യമുള്ള ആപ്‌സ് ഹോംസ്‌ക്രീനില്‍ തന്നെ സൂക്ഷിക്കാവുന്ന ലൈവ് ടൈല്‍സ് സംവിധാനം ലൂമിയ 900 ലുണ്ട്.

1.4 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 16 ജിബി മെമ്മറി, 512 എംബി റാം, 512 എംബി റോം എന്നിവയാണ് ലൂമിയ 900 ന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഈ ഫോണിലുണ്ട്.

ഹാര്‍ഡ്‌വേര്‍ കരുത്തിന്റെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ലുമിയയയോട് സമാനമായ മോഡലാണ് എച്ച്ടിസിയുടെ ടൈറ്റാന്‍ ടു. സ്‌റ്റോക്ക്, ന്യൂസ്ഫീഡുകള്‍ ഹോംസ്‌ക്രീനില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്ന എച്ച്.ടി.സി. ഹബ്ബ്, പനോരമ മോഡുള്ള 16 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാക്കെയാണ് ടൈറ്റാന്റെ സവിശേഷതകള്‍.

ഈ മോഡലകുളുടെ വരവോടെ, 2012 വിന്‍ഡോസ് ഫോണ്‍ ഒഎസിന്റേതാകും എന്നു കരുതുന്നവരേറെയുണ്ട്. മാര്‍ക്കറ്റിങിനായി വന്‍തുക മാറ്റിവെക്കുകയും മികച്ച കമ്പനികളുടെ സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ തങ്ങളുടെ ഒഎസ് ഉള്‍പ്പെടുത്താനുള്ള കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിന് വന്‍മുന്നേറ്റം നടത്താനാകുമെന്നതില്‍ സംശയമില്ല. വിപണനത്തിന്റെ ആശാന്‍മാരായ മൈക്രോസോഫ്റ്റിന് ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യവുമല്ല.

By beatsoftech